കോട്ടയം: നഗരസഭയിൽ 48-ാം വാർഡിൽ (തിരുനക്കര) എൽ.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാർഥി. കോട്ടയം നഗരസഭയിൽ എൻ.സി.പിയ്ക്ക് വിട്ടുനൽകിയ തിരുനക്കര വാർഡിൽ ലതികാ സുഭാഷ് മത്സരിക്കും.

കഴിഞ്ഞ ദിവസം ചേർന്ന മുന്നണി ചർച്ചയിലാണ് എൽഡിഎഫ് തിരുനക്കര വാർഡ് എൻ.സി.പിയ്ക്കു വിട്ടുനൽകിയത്. ഈ വാർഡിലാണ് ഇന്ന് ചേർന്ന എൻ.സി.പി മണ്ഡലം കമ്മിറ്റി യോഗം ലതികാ സുഭാഷിനെ സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ തിരഞ്ഞെടുപ്പ് രംഗത്ത് ഔദ്യോഗിക പ്രചാരണത്തിന് തുടക്കമായിട്ടുണ്ട്. നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതികാ സുഭാഷ്. മഹിളാ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചാണ് ലതിക സുഭാഷ് എൻസിപിയിൽ ചേർന്നത്. നേരത്തെ കോട്ടയം നഗരസഭാധ്യക്ഷയായിരുന്നു അവർ.

എൽഡിഎഫ് നേതാക്കളായ അഡ്വ. കെ അനിൽകുമാർ, ടി.സി. ബിനോയ്, രാജീവ് നെല്ലിക്കുന്നേൽ, സിപിഎം ലോക്കൽ സെക്രട്ടറി ജി. രാജീവ്, ബ്രാഞ്ച് സെക്രട്ടറി അനീഷ് കുമാർ, വാർഡ് സെക്രട്ടറി അരുൺ കുമാർ, എൻ സി പി നേതാക്കളായ സാബു മുരിക്കവേലി, ഗ്ളാഡ്സൺ ജേക്കബ്, ബാബു കപ്പക്കാലാ, ജോമി നടുവിലേപ്പറമ്പിൽ, അഡ്വ. രാജഗോപാൽ, അഡ്വ. ജോസ് ചെമ്പഴത്ത്, അഡ്വ. ഐക്ക് മാണി എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.

