പട്ന: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിഹാർ രാഷ്ട്രീയത്തിലെ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ മാറുകയാണ്. 2020-നേക്കാൾ വോട്ടുവിഹിതത്തിനൊപ്പം സീറ്റുകൾ കൂടി വർധിപ്പിച്ചാണ് ചിരാഗ് പാസ്വാൻ ബിഹാർ രാഷ്ട്രീയത്തിൽ നിർണായക ശക്തിയായത്. എൻഡിഎ മുന്നണിയിൽ നിതീഷിന്റെ വിലപേശൽ രാഷ്ട്രീയത്തിന് തടയിടാൻ ബിജെപിക്ക് ഇക്കുറി ചിരാഗ് പാസ്വാൻ നിർണായകമാണ്.

29 സീറ്റുകളിലാണ് ചിരാഗ് പാസ്വാൻ നേതൃത്വം നൽകുന്ന എൽജെപി ഇക്കുറി മത്സരിച്ചത്. ഇത്രയധികം സീറ്റുകൾ എൽജെപിയ്ക്ക് നൽകരുതെന്ന് എൻഡിഎ മുന്നണിയ്ക്കുള്ളിൽ പോലും അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് 29-ൽ 22 സീറ്റുകളും നേടിയാണ് എൽഡിഎയുടെ ആധികാരിക വിജയത്തിൽ ചിരാഗ് പാസ്വാന്റെ എൽജെപി നിർണായകമായത്.
ചിരാഗ് പാസ്വാന്റെ പിതാവും എൽജെപി സ്ഥാപകനുമായി രാം വിലാസ് പാസ്വാന്റെ മരണശേഷം ഏറെ വെല്ലുവിളികളാണ് ദളിത് നേതാവായ ചിരാംഗ് നേരിട്ടത്.

പാർട്ടിയുടെ പിന്തുടർച്ചാവകാശത്തെ ചൊല്ലിയുള്ള തർക്കം പിളർപ്പിൽ കലാശിച്ചു. എന്നാൽ 2025-ലെ തിരഞ്ഞെടുപ്പ് വിജയത്തോടെ തന്റെ പാർട്ടിയാണ് യഥാർഥ എൽജെപിയെന്ന് തെളിയിക്കുകയാണ് ചിരാഗ് പാസ്വാൻ.

