തിരുവനന്തപുരം: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറായ (ബിഎൽഒ) അനീഷ് ജോർജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിഎൽഒമാർ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്ഐആര്‍) ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് അനീഷ് ജീവനൊടുക്കാൻ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണ് ബിഎൽഒമാർ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.

സംസ്ഥാന വ്യാപകമായി ഇന്ന് ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് ബിഎൽഒമാരുടെ തീരുമാനം. കടുത്ത സമ്മർദത്തിലാണ് ജോലി ചെയ്യുന്നതെന്ന് ബിഎൽഒമാരുടെ കൂട്ടായ്മ പറയുന്നു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം എന്നാണ് റിപ്പോർട്ട്.
ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംഘടനകൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മർദത്തെ തുടർന്ന് ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെ് നിലവിലുള്ളതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

കുന്നരു യുപി സ്കൂളിലെ പ്യൂണ്‍ ആണ് മരിച്ച അനീഷ് ജോര്‍ജ്. ഇന്നലെ രാവിലെ വീട്ടുകാർ പള്ളിയിൽപോയ സമയത്താണ് അനീഷ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു അനീഷിനെ കണ്ടെത്തിയത്. എസ്ഐആർ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനീഷിന് ജോലി സമ്മർദമുണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.

