ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുടെ ആരോപണത്തിനിടെ, സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എംപിമാരുടെ കത്തിന് ഹിന്ദിയിലേ മറുപടി നല്‍കൂ എന്ന ചിലമന്ത്രിമാരുടെ രീതിക്ക് അതൊരു മാറ്റവുമായി. മോദി സര്‍ക്കാരില്‍ പല മന്ത്രിമാരും ഹിന്ദിയില്‍മാത്രം മറുപടിക്കത്തുകളയക്കുന്നത് ദക്ഷിണേന്ത്യയിലെ എംപിമാരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന ആരോപണവും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ മലയാളത്തിലുള്ള മറുപടി. ഇതുവരെ എംപിമാരുടെ കത്തിന് ഹിന്ദിയിലും ഇംഗ്ലീഷിലും മറുപടി നല്കുന്ന രീതിയാണ് അമിത് ഷാ പിന്തുടര്ന്നത്.
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) രജിസ്ട്രേഷന് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 22-ന് ബ്രിട്ടാസ് അയച്ച കത്തിന് മറുപടിയായാണ് നവംബര്‍ 14-ന് അമിത് ഷാ ബ്രിട്ടാസിന് കത്തയച്ചത്. അയച്ചകത്തുകിട്ടി എന്നുതുടങ്ങുന്ന കത്ത് താങ്കളുടെ അമിത് ഷാ എന്നെഴുതി ഒപ്പിട്ടാണ് അവസാനിപ്പിച്ചത്.

1990ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായാനാര്ക്ക് ഹിന്ദിയില്‍ ഒരു കത്തയച്ചു.ശുദ്ധമലയാളത്തില്‍ മറുപടി അയച്ചാണ് നായനാര്‍ പ്രതികരിച്ചത്. പ്രാദേശിക ഭാഷയ്ക്കായുള്ള നായനാരുടെ നിലപാടിന്റെ തുടര്‍ച്ചയായി ബ്രിട്ടാസിന്റെ നീക്കം.

