വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിൽ നടക്കുന്ന അഷ്ടമി തിരുവുൽസവത്തിനും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിനും കൊടിക്കയർ നിർമ്മിച്ച് സമർപ്പിക്കുവാനുള്ള അവകാശം പരമ്പരാഗതമായി പോളശേരി ഉന്റാശേരി ധീവരകുടുമ്പത്തിനാണ്.നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന ആചാരമാണിത്.

ഒരിക്കൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ വൈക്കം ക്ഷേത്രദർശനത്തിനായി വേമ്പനാട്ട് കായൽ വഴി വരുന്നസമയം അതിഭയങ്കരമായ മഴയും കൊടുങ്കാറ്റും ഉണ്ടായി.പേമാരിയിലും വളരെ സുരക്ഷിതമായി രാജാവിനെയും പരിവാരങ്ങളെയും കരയിലെത്തിച്ച അന്നത്തെ വള്ളക്കാരനായിരുന്ന ഉന്റാശേരി തറവാട്ടുകാരണവർക്ക് മാർത്താണ്ഡവർമ്മ നേരിട്ട് കൽപ്പിച്ചനുവദിച്ച അവകാശമാണ് വൈക്കത്തപ്പന് കൊടിക്കയർ നിർമ്മിച്ച് ഉൽസവത്തിന് മുൻപായി സമർപ്പിക്കുവാനുള്ള അവകാശം.
41 ദിവസം വൃതം നോറ്റ് കുടുബാഗങ്ങൾ പട്ടും നൂലും ചകരിയും ചേർത്ത് പരമ്പരാഗതമായി കൊടി കയർ നിർമ്മിക്കുന്നു.വൈക്കം ക്ഷേത്രത്തിൽ 58മീറ്ററും ഉദയനാപുരം ക്ഷേത്രത്തിൽ 56 മീറ്ററും നീളമുള്ള കൊടിക്കയർ ആണ് സമർപ്പിക്കുക.വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ക്ഷേത്രത്തിന് രണ്ട് തന്ത്രിമാരുണ്ട്.മേക്കാട് മനയും ഭദ്രകാളി മറ്റപ്പള്ളി മനയും.ഒരു തന്ത്രി കെടിമരത്തിന്റെ വടക്കു ഭാഗത്താണ് ഈ വർഷം കൊടിയേറ്റിയതെങ്കിൽ മറ്റെ തന്ത്രി അടുത്തവർഷം കൊടിമരത്തിന്റെ തെക്കുഭാഗത്തായിരിക്കും കൊടിയേറ്റുക.

ഈ വർഷത്തെ വൈക്കത്തഷ്ടമി തിരുവുൽസവം 2025 ഡിസംബർ ഒന്നിന് കൊടിയേറി ഡിസംബർ 12ന് അഷ്ടമി ദർശനവും അഷ്ടമി വിളക്കും ഉദയനാപുരത്തപ്പന്റെ യാത്രയയപ്പും കൂടി ഡിസംബർ 13ന് ആറാട്ടോടുകൂടി പര്യവസാനിക്കുന്നു.

