ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ നബിയുടെ വീഡിയോ പുറത്ത്. സ്ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്നതാണ് വീഡിയോ. ഇംഗ്ലീഷിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചാവേര്‍ ബോംബിംഗ് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ് ഉമര്‍ വിശദീകരിക്കുന്നത്.

‘ചാവേർ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാൾ നേരത്തെ നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് മരിക്കാൻ പോവുകയാണെന്ന് ഉറപ്പിക്കുമ്പോൾ അയാൾ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു. മരണമല്ലാതെ മറ്റൊരു പോംവഴിയും അവർക്ക് മുന്നിൽ ഇല്ല എന്ന് വ്യക്തമാകുന്നു. ഇത് ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം ചിന്താഗതി ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്’, ഉമർ പറയുന്നു.
അതേസമയം, ചെങ്കോട്ടയ്ക്ക് സമീപം കാർ ബോംബ് സ്ഫോടനം നടത്തിയ ഭീകരർ ഹമാസ് മോഡൽ ആക്രമണം ലക്ഷ്യമിട്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർ അത്യാധുനിക രീതിയിലുള്ള ഡ്രോൺ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചനയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ തരത്തിലുള്ള നീക്കത്തിനും ഇതിനായി റോക്കറ്റ് നിർമ്മാണത്തിനും ഭീകരർക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. പരമാവധി നാശം വരുത്തുക എന്ന ലക്ഷ്യത്തോടെ തിരക്കേറിയ പ്രദേശങ്ങളിൽ സ്ഫോടക വസ്തു നിറച്ച് ഡ്രോൺ ആക്രമണം നടത്താനായിരുന്നു ഇവർ നീക്കം നടത്തിയതെന്നും ഇതിനായി ചെറിയ റോക്കറ്റുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടതെന്നും അന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

