കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും തിരുവനന്തപുരം എം പിയുമായ ഡോ ശശി തരൂരിനെ കോണ്‍ഗ്രസിന് എത്രകാലം സഹിക്കാന്‍ കഴിയും? ഇനി അധികകാലം കോണ്‍ഗ്രസില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന തരൂരിന്റെ പ്രഖ്യാപനമാണോ, വീണ്ടും നടത്തിയ മോദി സ്തുതിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം സംശയിക്കുന്നത്. കുറച്ചുകാലമായി ഡോ ശശി തരൂര്‍ എം പി പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുന്നത് തുടരുകയാണ്.

വികസനത്തിനായി വ്യഗ്രതയുള്ളൊരു ഭരണാധികാരിയാണ് മോദിയെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്. മോദിയുടെ കീഴില്‍ രാജ്യം നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായാണ് തരൂരിന്റെ വാദം. ഇന്ത്യ വളര്‍ന്നുവരുന്ന വിപണി മാത്രമല്ല, മറിച്ച് ലോകത്തിന് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് തരൂരിന്റെ പ്രസ്താവന. മഹാമാരികള്‍ അതിജീവിച്ചു, രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷി ലോകശ്രദ്ധനേടിയെന്നും മോദി പറഞ്ഞതായി തരൂര്‍ ഉദ്ധരിക്കുന്നുണ്ട്.
കൊളോണിയല്‍ മാനസികാവസ്ഥയെ അതിജീവിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാനഭാഗമാണ് തരൂര്‍ തന്റെ കുറിപ്പില്‍ പറയുന്നത്. സാമ്പത്തിക വീക്ഷണത്തിനായും വികസനത്തിനുവേണ്ടിയും വ്യഗ്രതയോടെയിരിക്കാന്‍ രാജ്യത്തോടുള്ള ഒരു സാംസ്കാരിക ആഹ്വാനമായിരുന്നു മോദിയുടെ പ്രസംഗമെന്നാണ് തരൂരിന്റെ സ്തുതി. സദസില്‍ ഉണ്ടായിരുന്നതില്‍ സന്തോഷമുണ്ടെന്നും തരൂര്‍ തന്റെ കുറിപ്പില്‍ പറയുന്നു.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് നേരത്തെ തന്നെ അകലം പാലിച്ചിരുന്ന തരൂര്‍ ജി 23യുടെ ഭാഗമായിരുന്നു. പിന്നീട് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു. ഇതോടെയാണ് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെ അകന്നത്. വീണ്ടും മോദിയെ സ്തുതിച്ച് രംഗത്തെത്തിയ ശശി തരൂരിനോട് ഇനിയും മൃദുസമീപനം സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഉടന്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ പിളരുമെന്ന മോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തരൂരിനെ പുറത്താക്കിയാല്‍ അത് സംഭവിക്കുമോ എന്നാണ് നേതാക്കളുടെ ആശങ്ക.

