പമ്പ: ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക് കണക്കിലെടുത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സ്പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ചുക്കു കാപ്പിയും നൽകും.

പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാൻ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇന്നു രാവിലെ മുതൽ ശബരിമല സന്നിധാനത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള എൻഡിആര്‍എഫിന്റെ ആദ്യ സംഘം ഇന്ന് എത്തി. ആദ്യ സംഘം ഇന്ന് ചുമതല ഏറ്റെടുക്കും. ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം വൈകിട്ടോടെ എത്തും. ഇന്നലെ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മരക്കൂട്ടം മുതൽ മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങിയത്.

മണ്ഡലക്കാലം തുടങ്ങി ഇതുവരെ 1,96,594 പേരാണ് സന്നിധാനത്ത് എത്തിയത്. വെർച്യൽ ക്യൂ, സ്പോട്ട് ബുക്കിങ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും 17ന് 98,915 പേരും 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് മലകയറിയത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്.

