തിരുവനന്തപുരം: കോളജ് അധ്യാപകരുടെ യോഗ്യത സംബന്ധിച്ച യുജിസി നിര്‍ദേശം കര്‍ശനമായി പാലിക്കണെന്ന് ഗവര്‍ണറുടെ ഉത്തരവ്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള അഫിലിയേറ്റഡ്/സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ചാണ് ചാന്‍സലർ കൂടിയായ ഗവര്‍ണർ രാജേന്ദ്ര ആര്‍ലേക്കറിന്റെ നിര്‍ദേശം. കോളജ് അധ്യാപക നിയമനങ്ങളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെടല്‍.

സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കയച്ച സര്‍ക്കുലറിലാണ് ഗവര്‍ണര്‍ നിര്‍ണായക നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്. അധ്യാപക നിയമനങ്ങളില്‍ പൂര്‍ണമായും യുജിസി ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അധ്യാപകരുടെ യഥാര്‍ഥ യോഗ്യത വിവരങ്ങള്‍ കോളജ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കണം എന്നും സര്‍ക്കുലര്‍ പറയുന്നു.
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള പിജി ബിരുദവും യുജിസി നാഷനല്‍ എലിജിബിലിറ്റ് ടെസ്റ്റുമാണ് (നെറ്റ്)/പിഎച്ച്ഡിയും ആണ് അധ്യാപക നിയമനത്തിനുള്ള യോഗ്യത. എന്നാല്‍ സ്വാശ്രയ കോളജുകളിലും എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്സുകളിലും ഉള്‍പ്പെടെ നിയമിക്കപ്പെടുന്നവര്‍ക്ക് ഇത്തത്തിലുള്ള യോഗ്യതകള്‍ പലതും ഇല്ലെന്നാണ് വിലയിരുത്തല്‍. ഈ വിഷയം ശ്രദ്ധയിപ്പെട്ടതോടെയാണ് ഗവര്‍ണറുടെ ഇടപെടല്‍.

യുജിസി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുമ്പോള്‍ ഇതേ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഉയര്‍ന്ന ശമ്പളം നല്‍കേണ്ടിവരും. ഇതൊഴിവാക്കാനാണ് പല കോളജുകളും മതിയായ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത്. ഒട്ടേറെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ എഐസിടിഇ നിഷ്കര്‍ഷിക്കുന്ന യോഗ്യതയില്ലാത്ത അധ്യാപകര്‍ പഠിപ്പിക്കുന്നുണ്ട്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഉള്‍പ്പെടെ ഇവര്‍ ചെയ്യാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

