കൊച്ചി: കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വി എം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇതോടെ വി എം വിനുവിന് കോഴിക്കോട് കോർപ്പറേഷനിൽ മത്സരിക്കാനാവില്ല.

സെലിബ്രിറ്റി ആയതിനാൽ മാത്രം അനുകൂല ഉത്തരവ് നൽകാനാവില്ലെന്നും രാജ്യത്ത് എല്ലാവർക്കും ഒരേ നിയമമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിഎം വിനുവിന്റെ ഹർജി തള്ളിയത്. താങ്കൾ ഈ രാജ്യത്തെ പൗരനല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വി എം വിനു ഹൈക്കോടതിയെ സമീപിച്ചത്. കോഴിക്കോട് കോർപ്പറേഷൻ മേയർസ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്ന വി എം വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തതിനെതിരെ കോൺഗ്രസ് നേതൃത്വം അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ എ ആർ ഒ നടത്തിയ പരിശോധനയിലാണ് വി എം വിനുവിന് 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന കാര്യം സ്ഥിരീകരിച്ചത്.

അതേസമയം, വി.എം.വിനുവിന് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലാൻ ബി സജ്ജമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻറ് കെ.പ്രവീൺകുമാർ പ്രതികരിച്ചു. മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും കോർപ്പറേഷനിലെ പ്രചാരണം നടക്കുക വിനുവിന്റെ നേതൃത്വത്തിലായിരിക്കും. കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇനിയും സർപ്രൈസുണ്ടാകുമെന്നും പ്ലാൻ ബിയും ഒരു സർപ്രൈസ് ആയിരിക്കുമെന്നും പ്രവീൺകുമാർ പറഞ്ഞു.
