കാണ്ഠമണ്ഡു: നേപ്പാളിൽ വീണ്ടും ജെൻ സി പ്രതിഷേധം . ബാരാ ജില്ലയിൽ തെരുവിലിറങ്ങിയ ജെൻ സി പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. ഇന്നലെ സിമാറയിൽ സംഘർഷത്തെതുടർന്ന് കർഫ്യു ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ബാരായിലും യുവാക്കൾ തെരുവിലിറങ്ങിയത്. സിമാറയിൽ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 8 മണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്.

സംഘർഷാവസ്ഥയെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേമാക്കാൻ പോലീസ് പ്രദേശത്ത് കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.’ അസിസ്റ്റൻ്റ് ചീഫ് ഡിസ്ട്രിക് ഓഫീസർ സുബേദി പറഞ്ഞു. സെപ്റ്റംബർ മാസം നടന്ന ജെൻ സി പ്രക്ഷോഭത്തിനു ശേഷം നൂറുകണക്കിന് തടവുകാർ ഇപ്പോഴും പുറത്താണെന്നും ധാരാളം ആയുധങ്ങൾ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സുരക്ഷാ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഎംഎൽ (Unified Marxist Leninist) നേതാക്കൾ ജില്ല സന്ദർശിക്കാൻ തയ്യാറെടുത്തതോടെയാണ് ബാരായിൽ സംഘർഷം ശക്തമായത്. സിമാറ ചൗക്കിൽ വെച്ച് ജെൻ സി പ്രവർത്തകർക്ക് പരിക്കേറ്റതിനെ തുടർന്ന് അവർ ആറ് യുഎംഎൽ പ്രവർത്തകർക്കെതിരെ പരാതി നൽകി. ഞങ്ങൾ സമാധാനപരമായി ഒത്തുകൂടിയപ്പോൾ CPN-UML പ്രവർത്തകർ ആക്രമിച്ചെന്നും താനടക്കം ഏഴുപേർക്ക് പരിക്കേറ്റു എന്നുമാണ് ജെൻ സി നേതാവ് സാമ്രാട്ട് ഉപാധ്യായ പറയുന്നത്.

‘ഞങ്ങളുടെ ആവശ്യം ലളിതമാണ് – മഹേഷ് ബസ്നെറ്റിനെയും ഞങ്ങളെ ക്രൂരമായി ആക്രമിച്ച യുഎംഎൽ പ്രവർത്തകരെയും അറസ്റ്റ് ചെയ്യണം. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ ബാരാ അടഞ്ഞുകിടക്കും,’ ഉപാധ്യായ പറഞ്ഞു.

