കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തെരുവുനായ ശല്യത്തില്‍ നിന്നും കേരളത്തെ മുക്തമാക്കും. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കും. പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളെ കൂടുതല്‍ അപ്ഗ്രേഡ് ചെയ്യും. അയ്യങ്കാളി പദ്ധതിയിലും മഹാത്മാഗാന്ധി പദ്ധതിയിലും നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്തും. കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഇതിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അറിയിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, അടൂര്‍ പ്രകാശ്, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, സി പി ജോണ്‍, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.

എല്ലാ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മാര്‍ക്കറ്റുകള്‍ വിദേശ രാജ്യങ്ങളിലുള്ളതു പോലെ ആധുനികവത്കരിക്കും. വൃത്തിയും വെടിപ്പും ഉറപ്പാക്കും. എല്ലാ ഗ്രാമങ്ങളിലും പുതിയ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ശ്മശാനങ്ങള്‍ ആരംഭിക്കും. അതിഥി തൊഴിലാളി ക്ഷേമം ഉറപ്പു വരുത്താന്‍ പദ്ധതി രൂപീകരിക്കും. പൊതു ഇടങ്ങളിലെ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ഉടനീളം നിര്‍മ്മിക്കും. ദുരന്ത നിവാരണത്തിന് കൂടുതല്‍ അധികാരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. സാംസ്കാരികേന്ദ്രങ്ങളെ വിപുലമാക്കാന്‍ പദ്ധതി, വായന പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപപ്പെടുത്തും.
കേരളത്തിന്റെ യുവതലമുറയെ മയക്കുമരുന്ന്-ലഹരികളുടെ പിടിയില്‍ നിന്നും മോചിപ്പിക്കാനായി കായിക വികസനം, യുവജനക്ഷേമം എന്നിവ മുന്‍നിര്‍ത്തി പ്രത്യേക പദ്ധതി ആവിഷ്കരിക്കും. ഹരിതകര്‍മസേനയെ കൂടുതല്‍ കാര്യക്ഷമമാക്കും. ടൂറിസത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ലോക്കല്‍ ടൂറിസം പദ്ധതികളെ പ്രമോട്ട് ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. തെരുവു വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക കര്‍മ പരിപാടി. ഇതിനായി ഹെല്പ് ലൈന്‍ നമ്പര്‍ അടക്കം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തുഞെരിച്ചു കൊല്ലുന്ന തരത്തിലാണ് കഴിഞ്ഞ അഞ്ചുകൊല്ലമായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നത്. അത്തരം തടസ്സങ്ങളില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ട് അവരുടെ അവകാശമാക്കി മാറ്റും. ബജറ്റില്‍ സൂചിപ്പിച്ച ഫണ്ട് പൂര്‍ണമായും നല്‍കും. ഓരോ വര്‍ഷവും ഫണ്ടു വിഹിതത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തും. യുവാക്കള്‍ക്കായി പ്രത്യേക ഫണ്ട് നീക്കിവെക്കും. ജനപ്രതിനിധികളെ പരിവര്‍ത്തനത്തിന്റെ വക്താക്കളാക്കി മാറ്റാന്‍ പ്രത്യേക ശാക്തീകരണം നല്‍കും. ജനസേവനം ഉറപ്പു വരുത്താനായി എല്ലാ വാര്‍ഡുകളിലും സേവാഗ്രാം പദ്ധതി നടപ്പാക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.

