തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് ട്രെയിൻ ഗതാഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഓച്ചിറ, ആലപ്പുഴ എന്നിവടങ്ങളിൽ മേൽപ്പാലങ്ങളുടെ അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ചില ട്രെയിനുകൾ ഭാഗമികമായി റദ്ദാക്കി. ചില ട്രെയിനുകൾ വൈകി ഓടുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.

തിങ്കളാഴ്ച നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (22654) കായംകുളത്ത് യാത്ര അവസാനിപ്പിക്കും. തിങ്കളാഴ്ച്ച വൈകിട്ട് നാലിന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട ചെന്നൈ- തിരുവനന്തപുരം എസി എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ എസി എക്സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്നായിരിക്കും പുറപ്പെടുന്നത്.
ചൊവ്വാഴ്ച മംഗളൂരു- – തിരുവനന്തപുരം എക്സ്പ്രസ് (16348) രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നത്. രാമേശ്വരം- തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ- ചെന്നൈ എക്സ്പ്രസ്, നിലമ്പൂർ- തിരുവനന്തപുരം നോർത്ത് രാജ്യറാണി എന്നീ ട്രെയിനുകളും രണ്ട് മണിക്കൂർ വൈകും.

ചൊവ്വാഴ്ചത്തെ മംഗളൂരു- തിരുവനന്തപുരം മാവേലി, മംഗളൂരു- തിരുവനന്തപുരം അന്ത്യോദയ എന്നിവ ഒന്നര മണിക്കൂർ വൈകും. തിരുപ്പതി- കൊല്ലം എക്സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എന്നിവ അര മണിക്കൂറും വൈകും. ചൊവ്വാഴ്ചത്തെ മംഗളൂരു- തിരുവനന്തപുരം മലബാർ 10 മിനിറ്റും ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകും. ബുധനാഴ്ച പുലർച്ചെ 3.45നുള്ള കൊല്ലം- ആലപ്പുഴ മെമു 30 മിനിറ്റ് വൈകും. 4.20ന്റെ കൊല്ലം എറണാകുളം മെമു 10 മിനിറ്റും വൈകും.

