ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് ചൈനയോട് ഇന്ത്യ. ഷാങ്ഹായിലെ പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ യുവതിക്ക് നേരിട്ട ദുരനുഭവത്തെ തുടർന്ന് ചൈനക്കെതിരെ ശക്തമായ പ്രസ്താവനയും ഇന്ത്യ പുറത്തിറക്കി. പതിനെട്ട് മണിക്കൂറിലധികം തടഞ്ഞുവെക്കുകയും സാധാരണ യാത്രാ നടപടിക്രമങ്ങൾ നിഷേധിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇന്ത്യയുടെ ഈ പ്രതികരണം.

ഈ സംഭവം നയതന്ത്ര തലത്തിൽ ആശങ്ക ഉയർത്തിയിരുന്നു. ഇതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അരുണാചൽ പ്രദേശിന്റെ കാര്യത്തിൽ ഇന്ത്യയുടെ പരമാധികാരത്തെ വീണ്ടും ചോദ്യം ചെയ്തത്. ഇതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇതിന് പിന്നാലെയാണ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയത്. അരുണാചലിനെ കുറിച്ചുള്ള ചൈനീസ് അവകാശവാദം നേരത്തെയും വലിയ വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ന്യൂഡൽഹിയുടെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയത്. ‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, ഇത് ഒരു സ്വയം വ്യക്തമായ വസ്തുതയാണ്. ചൈനീസ് ഭാഗത്ത് നിന്നുള്ള ഒരു നീക്കത്തിനും ഈ നിഷേധിക്കാനാവാത്ത യാഥാർത്ഥ്യം മാറ്റാൻ കഴിയില്ല’ അദ്ദേഹം പറഞ്ഞു.

ബീജിംഗിലും ന്യൂഡൽഹിയിലും ഇന്ത്യ ചൈനീസ് അധികൃതരുമായി ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും വക്താവ് സ്ഥിരീകരിച്ചു. സാധുവായ ഇന്ത്യൻ പാസ്പോർട്ടുമായി നിയമപരമായി യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരിയോട് ചൈനീസ് അധികൃതർ ഏകപക്ഷീയമായി പെരുമാറിയതിന് ഒരുതരത്തിലും ന്യായീകരണം നൽകാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

