തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സമയപരിധി അവസാനിക്കുന്നു. അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ചയാണ് സമയപരിധി നൽകിയത്. ഇത് നാളെ തീരും. ഡിസംബർ മൂന്നിനാണ് കേസ് പരിഗണിക്കുക. ഈ സാഹചര്യത്തിൽ അടുത്ത ഇടക്കാല റിപ്പോർട്ട് നിർണായകമാണ്. ഒക്ടോബർ ആറിനാണ് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

എ.പത്മകുമാറും എൻ.വാസുവും ഉൾപ്പെടെ രണ്ട് ദേവസ്വംബോർഡ് മുൻ പ്രസിഡന്റുമാർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. കേസിൽ ഇതുവരെ ആറു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ആറു പേർക്കും ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരാണ് ശബരിമല സ്വർണക്കൊള്ള കേസ് പരിഗണിക്കുന്നത്.
അതിനിടെ, അറസ്റ്റിലായ എ.പത്മകുമാറിനെ എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. സ്വർണ പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനായി പത്മകുമാര്‍ രേഖകളിൽ തിരുത്തൽ വരുത്തിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അംഗങ്ങളുടെ മൊഴിയാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കേസിലെ നാലാം പ്രതിയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുമായ ജയശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. ജയശ്രീയുടെ ഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചെങ്കിലും കൂടുതൽ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

