കോഴിക്കോട്: ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പിന്തുണയുമായി കെ സുധാകരന് എം പി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണെന്ന് സുധാകരന് പറഞ്ഞു. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകണം. ‘ഞാന്‍ ആ വിഷയത്തെ പറ്റി അന്വേഷിച്ചു. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. രാഹുലുമായി വേദി പങ്കിടാന്‍ മടിയില്ല. പുതിയ ശബ്ദരേഖ താന്‍ കേട്ടിട്ടില്ല’- സുധാകരന് പറഞ്ഞു.

‘വെറുതെ അദ്ദേഹത്തെ അപമാനിക്കാന്‍ സിപിഎമ്മും ബിജെപിയും നടത്തുന്ന ശ്രമമാണ് ഇതിന് പിന്നില്‍. തീര്‍ത്തും നിരപരാധിയാണ്. ഞാനതൊക്കെ അന്വേഷിക്കുന്നുണ്ട്. അന്വേഷിച്ചത് രണ്ട് ചീത്ത പറയാന്‍ വേണ്ടിയാണ്. പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തോന്നി ഐ വാസ് റോങ്. ഞാനവനെ വിളിച്ച് സംസാരിച്ചു. നമുക്ക് അവനെക്കുറിച്ച് തര്‍ക്കങ്ങളൊന്നുമില്ല. അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല.
ആര് പറഞ്ഞാലും നമുക്കത് പ്രശ്നമല്ല. രാഹുല്‍ സജീവമായി രംഗത്തുവരണം. കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. ജനമനസില്‍ സ്ഥാനമുള്ളവനാണ്. ആളുകള്‍ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന, പ്രാസംഗിക കരുത്തുള്ളവനാണ്. അവനെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞാന്‍ ശബ്ദ സന്ദേശം കേട്ടിട്ടില്ല, അവന് തന്നെ പറഞ്ഞിട്ടുണ്ടല്ലോ, വെല്ലുവിളിച്ചിട്ടുണ്ടല്ലോ. രാഹുലിനെ പാര്‍ട്ടിയോടൊപ്പം കൂട്ടിനിര്‍ത്തിക്കൊണ്ടുപോകണം. അദ്ദേഹത്തിനൊപ്പം ഞാന്‍ വേദി പങ്കിടും’- സുധാകരൻ പറഞ്ഞു.

എന്നാൽ, രാഹുലിനെതിരെ കടുത്ത നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ആവശ്യം. എന്നാല്‍ ആരോപണങ്ങളില്‍ മൗനം പാലിക്കുന്ന നിലപാടായിരുന്നു കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും സ്വീകരിച്ചത്.

