ന്യൂഡൽഹി: ഭരണഘടനയുടെ ഡിജിറ്റൽ പതിപ്പ് രാഷ്ട്രപതി ദ്രൗപതി മുർമു പ്രകാശനം ചെയ്തു. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി പാർലമെന്റിൽ നടന്ന ചടങ്ങിലാണ് ഒൻപത് ഭാഷകളിലുള്ള ഡിജിറ്റൽ പതിപ്പിന്റെ പ്രകാശനം രാഷ്ട്രപതി നിർവ്വഹിച്ചത്. ഭരണഘടന ദേശീയതയിലേക്കുള്ള വഴികാട്ടിയാണെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു.

ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് നമ്മുടെ ഭരണഘടന ശിൽപ്പികൾക്ക് ഏറെ ബോധ്യമുണ്ടായിരുന്നു. രാജ്യത്തെ എല്ലാ പൗരൻമാർക്കും ഭരണഘടന സംരക്ഷണം ഉറപ്പുനൽകുന്നു. 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിയത് രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്. സ്ത്രീകൾ, യുവാക്കൾ, എസ്.സി., എസ്.ടി., കർഷകർ, മധ്യവർഗം, പുതുമധ്യവർഗം ഇവരെല്ലാവരും നമ്മുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു- രാഷ്ട്രപതി പറഞ്ഞു.
പാർലമെന്ററി സംവിധാനത്തെ ശക്തമാക്കുന്നതിന് ഭരണഘടന മുമ്പോട്ടുവെച്ച കാര്യങ്ങൾ വർത്തമാനകാലത്തിലും ഏറെ പ്രസക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പാർലമെന്റ് ജനങ്ങളുടെ ആഗ്രഹങ്ങളെ പൂർത്തീകരിക്കുന്നു. ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യ സമ്പ്രദായമെന്നും രാഷ്ട്രപതി പറഞ്ഞു.

മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുങ്ക്, ഒഡിയ, അസമീസ് എന്നീ ഭാഷകളിലുള്ള ഡിജിറ്റൽ പതിപ്പുകളാണ് രാഷ്ട്രപതി പുറത്തിറക്കിയത്. ചടങ്ങിൽ കശ്മീരി, ബോഡോ ഭാഷകളിലുള്ള ഭരണഘടനയുടെ പുസ്തക രൂപവും പുറത്തിറക്കി. ആദ്യമായാണ് ഭരണഘടന ഈ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യുന്നത്. ഇതിനുപുറമേ അൻപത് വർഷങ്ങൾക്ക് ശേഷം പഞ്ചാബി ഭാഷയിലുള്ള പുതുക്കിയ ഭരണഘടനാ പതിപ്പും പുറത്തിറക്കി.

