കൊച്ചി: ഡെങ്കിപ്പനി ബാധിച്ച റാപ്പര്‍ വേടനെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ് വേടന് എന്ന ഹിരണ്‍ ദാസ് മുരളി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതേ തുടര്‍ന്ന് ഖത്തറിലെ ദോഹയില്‍ ഈ മാസം 28-ന് നടത്താനിരിക്കുന്ന പരിപാടി ഡിസംബര്‍ 12 ലേക്ക് മാറ്റിവെച്ചു.

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വേടന് തന്നെയാണ് ഇക്കാര്യം ഫോളോവേഴ്സിനെ അറിയിച്ചത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ഒരു ചിത്രവും വേടന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ഗള്‍ഫില്‍ പര്യടനം നടത്തുന്നതിനിടെയാണ് ദുബായില്‍ വച്ച് റാപ്പര്‍ വേടന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. കടുത്ത പനിയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈറല്‍ ഫീവര്‍ ബാധിച്ചതായാണ് ഫേസ്ബുക്കിലൂടെ വേടന് വ്യക്തമാക്കിയത്.

വേടനെ ചികിത്സിക്കുന്ന മെഡിക്കല്‍ ടീം കര്‍ശനമായി വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിപാടി നീട്ടിവെച്ചത്. ദോഹയിലെ ഏഷ്യന്‍ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് മറ്റന്നാള്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടി മാറ്റിവെച്ചതില്‍ ആരാധകരോട് ക്ഷമയും അറിയിക്കുന്നുണ്ട്.

