ചലച്ചിത്ര നിർമാതാവ് ബാദുഷക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഹരീഷ് കണാരൻ. 20 ലക്ഷത്തോളം രൂപ തന്റെ കയ്യിൽ നിന്ന് കടം വാങ്ങിയിട്ട് തിരിച്ചു നൽകിയില്ലെന്നും ഇക്കാര്യത്തിൽ സംഘടനയിൽ അടക്കം പരാതി നൽകിയതിന്റെ പേരിൽ തന്നെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയെന്നും ഹരീഷ് കണാരൻ പറഞ്ഞു.

“ഞാൻ ആദ്യം ഇക്കാര്യം പറഞ്ഞതിന് ശേഷം പലരും എന്നോട് ചോദിച്ചു, എന്താ അയാളുടെ പേര് പറയാത്തത് എന്ന്. ഇയാളുടെ പേര് ബാദുഷ. ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് സിനിമ ഉണ്ടാവില്ലായിരിക്കും. പോട്ടെ, ഞാൻ സ്റ്റേജ് പ്രോഗ്രാമൊക്കെയായി ജീവിച്ച് പോകും. ഒരു കയറ്റത്തിന് എന്തായാലും ഒരു ഇറക്കമുണ്ട് എന്നാണ് ആദ്യം കരുതിയത്.
സിനിമകളില്ലാതായത് ഇതിന്റെ ഭാഗമാണെന്ന് മാത്രമാണ് ഞാൻ ആദ്യം കരുതിയിരുന്നത്. ‘എആർഎം’ അടക്കമുള്ള പല സിനിമയിലും എനിക്ക് ഡേറ്റ് തന്നിരുന്നു. ഇതിനിടയിൽ പണം തിരികെ ചോദിച്ചിരുന്നു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇടവേള ബാബുവിനെയും വിളിച്ച് കാര്യം പറഞ്ഞിരുന്നു.

എന്റെ വീടുപണി നടക്കുന്ന സമയത്താണ് പൈസ തിരിച്ചു ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നൽകാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇതിനിടയിൽ ‘എആർഎമ്മിന്റെ’ ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല. പിന്നീട് ടൊവിനോ ചോദിച്ചിരുന്നു ചേട്ടനെന്തേ പടത്തിൽ വരാതിരുന്നതെന്ന്.

എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. ഇത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടമായി”. ഹരീഷ് കണാരൻ പറഞ്ഞു. കടം വാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരിൽ മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറാണ് തന്നെ സിനിമകളിൽ നിന്ന് നിരന്തരം മാറ്റി നിർത്താൻ ഇടപെടുന്നതെന്ന് ഹരീഷ് മുൻപ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.
