കൊച്ചി: ഫോര്‍ട്ട് കൊച്ചിയേയും ആലപ്പുഴയേയും സുരക്ഷയുടെ കാര്യത്തില്‍ വാനോളം പുകഴ്ത്തി ലോക സഞ്ചാരി. പോര്‍ച്ചുഗീസുകാരിയായ റിതയാണ് കേരളം ഇന്ത്യയിലെ മറ്റേതൊരു സ്ഥലത്തേക്കാളും വ്യത്യസ്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്നത്. ഒരു മാസത്തോളം റിത കേരളത്തിലുണ്ടായിരുന്നു. ആ സമയത്ത് ഫോര്‍ട്ട് കൊച്ചിയും ആലപ്പുഴയും തന്റെ ഹൃദയം കീഴടക്കിയെന്നും റിത പറയുന്നു.

ഫെയ്സ്ബുക്കില്‍ ഷി ഈസ് ലോസ്റ്റ് എറൗണ്ട് ദ വേള്‍ഡ് എന്ന പ്രൊഫൈലില്‍ ഇട്ട റീലിലാണ് 33 കാരിയായ റിത കേരളത്തോടുള്ള സ്നേഹം വ്യക്തമാക്കുന്നത്. ‘ഫോര്‍ട്ട്കൊച്ചിയില്‍ പകല്‍ മാത്രമല്ല രാത്രിയും സുരക്ഷിതമായി നടക്കാനാവും. ഞാന്‍ താമസിക്കുന്ന ഹോസ്റ്റലിലേക്ക് പല ദിവസങ്ങളിലും രാത്രി പത്തുമണിക്കും 11 മണിക്കുമൊക്കെ നടന്നുപോവാറുണ്ട്. വിജനമായ തെരുവുകളില്‍ പോലും പേടി തോന്നാറില്ല’ എന്നാണ് റിത കുറിക്കുന്നത്.
ഇന്ത്യയില്‍ വടക്കേ ഇന്ത്യയേക്കാള്‍ കേരളത്തെ തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് രാത്രി സുരക്ഷിതമായി തെരുവിലൂടെ നടക്കാനാവുമെന്നും റിത എടുത്തു പറയുന്നുണ്ട്. മറ്റൊരു റീലില്‍ കേരളത്തില്‍ അവര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ സുരക്ഷയുടെ കാര്യത്തില്‍ റേറ്റിങും നല്‍കിയിട്ടുണ്ട്. ഇതിലും ഫോര്‍ട്ട് കൊച്ചിയും ആലപ്പുഴയും 10/10 റേറ്റിങ് നേടിയിട്ടുണ്ട്. തിരുവനന്തപുരവും വര്‍ക്കലയും 7/10 റേറ്റിങാണ് നേടിയത്. ആലപ്പുഴയിലേക്ക് നടത്തുന്ന ട്രെയിന്‍ യാത്രയും ഫോര്‍ട്ട് കൊച്ചിയിലൂടെയുള്ള ഓട്ടോ യാത്രയും ഇന്ത്യയില്‍ പെണ്ണുങ്ങളെ കാണാത്തതുപോലുള്ള പുരുഷന്മാരുടെ നോട്ടങ്ങളെക്കുറിച്ചും റീല്‍സില്‍ പറയുന്നുണ്ട്.

പോര്‍ച്ചുഗലില്‍ ജനിച്ച റിത 21ാം വയസില്‍ കോളജ് പഠനത്തിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോവുന്നതോടെയാണ് യാത്രയുടെ ലഹരി നുണയുന്നത്. 2015ല്‍ യൂറോപ്പിലെ 13 രാജ്യങ്ങളിലൂടെ മൂന്നു മാസം നീണ്ട സോളോ ട്രിപ്പ് നടത്തി. ആരംഭിച്ചപ്പോള്‍ യാത്രകള്‍ നിര്‍ത്താനാവാത്ത ലഹരിയായി മാറുമെന്ന് ആരും മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നാണ് പിന്നീട് റിത പറഞ്ഞത്. ഇന്ന് ഭൂമിയിലെ 197 രാജ്യങ്ങളിലേക്കും യാത്ര ചെയ്യുകയെന്ന വലിയ യാത്രയിലാണ് റിത. 60 രാജ്യങ്ങള്‍ അവര്‍ കണ്ടു കഴിഞ്ഞു. സോളോ ലോക സഞ്ചാരിയാണ് റിത.

