നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി വേണമെന്ന് ഡോ. ശശി തരൂർ എംപി. മറ്റു മുന്നണികൾക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ കാണിക്കാൻ ആളുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയാണ് പാർട്ടികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ശശി തരൂർ പറഞ്ഞു. കോൺഗ്രസിന്റെ മുഖം ആകുമോയെന്ന ചോദ്യത്തിന്, രാഷ്ട്രീയക്കാരനായി തുടരും എന്നായിരുന്നു ശശി തരൂരിന്റെ മറുപടി.

അതേസമയം കോൺഗ്രസിനെ വെട്ടിലാക്കിയാണ് ശശി തരൂരിന്റെ പ്രതികരണങ്ങൾ. വീണ്ടും മോദി സ്തുതിയുമായി രംഗത്തെത്തിയ ശശി തരൂർ പിഎം ശ്രീ പദ്ധതിയെ പിന്തുണക്കുകയും ചെയ്തു. പിഎം ശ്രീ പദ്ധതിയിൽ സിപിഐഎമ്മിനെ കോൺഗ്രസ് കടന്നാക്രമിക്കുമ്പോഴാണ് ഒരു വശത്ത് ശശി തരൂരിന്റെ പിന്തുണ. പിഎം ശ്രീയിൽ കാവിവൽക്കരണം കാണുന്നില്ല. സിലബസിൽ പ്രശ്നമുണ്ടെങ്കിൽ സംസ്ഥാന സിലബസ് നടപ്പാക്കിയാൽ പോരേ എന്ന് ശശി തരൂർ ചോദിക്കുന്നു.
മോദി സർക്കാരിന്റെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു. കേരള സർക്കാരിനേക്കാൾ കൂടുതൽ കേന്ദ്രസർക്കാർ വികസനം നടപ്പാക്കി.പി എം ശ്രീയിൽ കാവിവൽക്കരണം കാണുന്നില്ല. മോദി സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോ എന്നും ശശി തരൂർ ചോദിച്ചു.

ശുചിത്വഭാരത പദ്ധതി അടക്കം മോദി സർക്കാരിന്റെ ചില പരിപാടികൾക്ക് പിന്തുണയുണ്ട്. രാജ്യവും കേരളവും നന്നാകണം എന്നതാണ് എല്ലാവരുടെയും വിശ്വാസം. ആര് ജയിച്ചാലും അവർ എല്ലാവരുടെയും ജനപ്രതിനിധിയാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു.

