ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഫയല്‍ ചെയ്ത പുതിയ എഫ്ഐആറില്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമൊപ്പം മറ്റ് മൂന്നുപേര്‍ക്കും മൂന്ന് കമ്പനികള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മേധാവി സാം പിത്രോദ, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, യങ് ഇന്ത്യന്‍, ഡോട്ടക്സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദേശപ്രകാരം ഒക്ടോബര്‍ മൂന്നിനാണ് കേസെടുത്തത്. സോണിയ ഒന്നാം പ്രതിയും, രാഹുല്‍ രണ്ടാം പ്രതിയുമാണ്.

അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ചാണ് കേസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഡിസംബര്‍ 16 ന് വിധി പറയുമെന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതി വ്യക്തമാക്കിയിരുന്നു. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. പുതിയ കേസ് കെട്ടിച്ചമച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു.

