ഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ധ്രുവനക്ഷത്രം പോലെ സുദൃഢമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുനേതാക്കളും തന്ത്രപരമായ പങ്കാളിത്തം ആവർത്തിച്ച് ഉറപ്പിച്ചത്. റഷ്യയിൽ നിന്നുള്ള ഇന്ധന വിതരണം, റഷ്യൻ പൗരന്മാർക്കുള്ള വിസ ഇളവുകൾ, യുക്രൈൻ യുദ്ധം തുടങ്ങിയ പ്രധാന വിഷയങ്ങൾ ഇരുനേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

ഇന്ത്യയ്ക്ക് ആവശ്യമായ ഇന്ധനവും ഊർജ്ജവും തടസ്സമില്ലാതെ നൽകുന്നത് തുടരുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉറപ്പുനൽകി. ഊർജ്ജ സുരക്ഷ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ അടിത്തറയാണെന്നും ഈ സഹകരണം തുടരുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി.
റഷ്യൻ വിനോദസഞ്ചാരികൾക്കായി ഇന്ത്യ പ്രത്യേക വിസ ഇളവുകൾ പ്രഖ്യാപിച്ചു. റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ഇ-ടൂറിസ്റ്റ് വിസയും, 30 ദിവസത്തെ ഗ്രൂപ്പ് ടൂറിസ്റ്റ് വിസയും ഉടൻ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

യുക്രൈൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മോദി ആവർത്തിച്ചു. യുദ്ധക്കളത്തിൽ ഒന്നിനും പരിഹാരമില്ലെന്നും സമാധാനത്തിനും ചർച്ചകൾക്കും മാത്രമേ ശാശ്വത പരിഹാരം കാണാനാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുക്രൈൻ പ്രതിസന്ധിയെക്കുറിച്ച് റഷ്യൻ പ്രസിഡന്റുമായി താൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും, ഒരു സുഹൃത്തെന്ന നിലയിൽ പുടിൻ കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. സമാധാനത്തിനുള്ള ഏത് ശ്രമത്തിനും ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം 2030 വരെ വിപുലീകരിക്കുന്നതിനുള്ള കരാറിലും ഇരുനേതാക്കളും ധാരണയിലെത്തി. പരസ്പര വ്യാപാരം വർദ്ധിപ്പിക്കാനും ദേശീയ കറൻസികളിലുള്ള (രൂപ-റൂബിൾ) ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും തീരുമാനമായി.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്നു നിൽക്കുമെന്ന് പുടിൻ വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ ഇന്ത്യയും റഷ്യയും എപ്പോഴും ഒരുമിച്ച് നിലകൊണ്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഇന്നലെ, റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്നായിരുന്നു പ്രധാനമന്ത്രി മോദി നേരിട്ട് വിമാനത്താവളത്തിൽ എത്തിയത്.
