കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് ഈ കേസ് പരിഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനാണ് രാഹുലിന്റെ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അതേ സമയം, രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു. രാഹുലിനെ കണ്ടെത്താൻ സംസ്ഥാനത്തിന് അകത്തും പുറത്തും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
തനിക്കെതിരെ ഉയർന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാർത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്റെ ഹർജിയിലെ വാദങ്ങൾ. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ പറയുന്നു.

പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണെന്നും വർഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകർന്നപ്പോൾ ബലാത്സംഗ കേസായി മാറ്റിയതാണെന്നും ഹർജിയിൽ രാഹുൽ പറയുന്നു. പാലക്കാടും തമിഴ്നാട്ടിലും കർണാടകയിലും രാഹുലിനായി ഊർജിത അന്വേഷണം നടത്തുകയാണ് പോലീസ്.

രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകാമെന്ന് ഇന്നലെ അറിയിച്ചിരുന്നു. പോലീസ് അയച്ച ഇമെയിലിനാണ് മറുപടി നൽകിയത്. രണ്ടാമത്തെ ബലാൽസംഗ കേസ് അന്വേഷിക്കാൻ എസ്പി ജി പൂങ്കൂഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
