കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ്ങിന്റെ ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിങ്. ഉച്ചയ്ക്ക് 12 മണിവരെയുള്ള കണക്കുകൾ പ്രകാരം ഏഴ് ജില്ലകളിലായി ശരാശരി 31.86 ശതമാനം പോളിങ് രേഖപ്പെടുത്തി. എറണാകുളം ജില്ലയാണ് പോളിങ് ശതമാനത്തിലും വോട്ടുകളുടെ എണ്ണത്തിലും മുന്നിൽ നിൽക്കുന്നത്. തിരുവനന്തപുരമാണ് ശതമാനക്കണക്കിൽ ഏറ്റവും പിന്നിലുള്ളത്.

ഏഴ് ജില്ലകളിലായി ആകെ 42,40,402 (42.40 ലക്ഷം) വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. നേരത്തെ മുന്നിലായിരുന്ന ആലപ്പുഴയെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് എറണാകുളം 33.83 ശതമാനം പോളിങ്ങുമായി ഒന്നാമതെത്തിയത്.
എറണാകുളം ജില്ലയിൽ 9,02,437 പേർ വോട്ട് രേഖപ്പെടുത്തി. ഒൻപത് ലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയ ഏക ജില്ലയും എറണാകുളമാണ്. ആലപ്പുഴ ജില്ലയിൽ 6,09,517 പേർ വോട്ട് ചെയ്തപ്പോൾ 33.81 ശതമാനം പോളിങ് രേഖപ്പെടുത്തി തൊട്ടുപിന്നിലുണ്ട്. കൊല്ലം ജില്ലയിൽ 7,39,846 വോട്ടുകൾ പോൾ ചെയ്തപ്പോൾ 32.57 ശതമാനമാണ് പോളിങ്.

കോട്ടയത്ത് 5,23,225 പേർ വോട്ട് രേഖപ്പെടുത്തി 31.88 ശതമാനവും പത്തനംതിട്ടയിൽ 3,33,348 പേർ വോട്ട് ചെയ്ത് 31.37 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇടുക്കി ജില്ലയിൽ 2,76,654 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 30.33 ശതമാനമാണ് ഇവിടുത്തെ പോളിങ് നിരക്ക്. വോട്ടുകളുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ല 8,55,375 എന്ന ഉയർന്ന നിലയിലാണെങ്കിലും ശതമാനക്കണക്കിൽ ഏറ്റവും പിന്നിലാണ്. 29.23 ശതമാനം മാത്രമാണ് തലസ്ഥാന ജില്ലയിലെ പോളിങ്.

പോളിങ്ങ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ പ്രമുഖ നേതാക്കൻമാർ പോളിങ്ങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, ശശി തരൂർ, മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ വോട്ടുരേഖപ്പെടുത്തി.
