തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിജെപി -സിപിഎം സംഘര്‍ഷം. വഞ്ചിയൂര്‍ ലൈബ്രറിക്ക് സമീപത്തെ ബൂത്തില്‍ സിപിഎം കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്.

വാക്കുതര്‍ക്കത്തിനിടെ വനിതാ പ്രവര്‍ത്തകയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാണ് ബിജെപിയുടെ ആക്ഷേപം. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
ട്രാന്‍സ് ജെന്‍ഡേഴ്സ് ഉള്‍പ്പെടെ കള്ളവോട്ട് ചെയ്തെന്നാണ് ഇവരുടെ പേരുള്‍പ്പെടെ ഉയര്‍ത്തി ബിജെപി ഉന്നയിക്കുന്ന ആക്ഷേപം. ഇവരില്‍ ചിലര്‍ക്ക് കുന്നുകുഴി വാര്‍ഡില്‍ വോട്ട് ഉണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.

സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി. മര്‍ദനമേറ്റ സ്ത്രീയ്ക്കൊപ്പം ബിജെപി സ്ഥാനാര്‍ഥിയുള്‍പ്പെടെ നിലയുറപ്പിച്ചു. പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകരും വഞ്ചിയൂര്‍ ജംഗ്ഷനില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

