പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡനക്കേസിനെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നു.

സർക്കാരിന്റെ വിവിധ പദ്ധതികൾ പോസ്റ്റിൽ സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ലൈഫ് മിഷൻ പിരിച്ചു വിടണം എന്നതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നും പോസ്റ്റിൽ ചോദിക്കുന്നു. വി ഡി സതീശൻ ഇന്ന് നടത്തിയത് പരമാബദ്ധങ്ങൾ എന്നും മുഖ്യമന്ത്രി വിമർശിച്ചു. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം,
ഗെയിൽ പൈപ്പ്ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്,
കെ ഫോൺ, കെ-റെയിൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്തിനെയും എതിർത്ത് ഇല്ലാതാക്കാൻ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയ്യാറായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

യൂത്ത് കോൺഗ്രസ് നേതാവായ എംഎൽഎയുടെ പീഡന പരമ്പര പുറത്തു വന്നപ്പോൾ ‘പ്രതിക്കൂട്ടിൽ ആയത് സിപിഐഎം’ എന്ന ഒരു വിചിത്ര ന്യായം വോട്ടെടുപ്പ് നടക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു കേട്ടു. ഇത്തരം പരമാബദ്ധങ്ങൾ കൊണ്ടൊന്നും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ല എന്ന് അദ്ദേഹത്തെ ഓർമിപ്പിക്കട്ടെ. മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

