പാലക്കാട്: ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ടു ചെയ്യാനെത്തി. പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ടു ചെയ്തത്. രണ്ടു ബലാത്സംഗ കേസുകളിലായി 15 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് രാഹുൽ പുറത്തുവരുന്നത്.

രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് രാഹുൽ വോട്ടു ചെയ്യാനെത്തിയത്. രാഹുലിനെതിരെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും പോസ്റ്റർ ഉയർത്തി സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. രാഹുലിനെതിരെ കൂകി വിളിയും ഉണ്ടായി. തനിക്ക് പറയാനുള്ളത് എല്ലാം കോടതിയിൽ പറയുമെന്നും തൽക്കാലം പ്രതികരിക്കാനില്ലെന്നും രാഹുൽ പറഞ്ഞു. ഇനി ഇവിടെയുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. കേസ് ഈ മാസം 15ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. അതേസമയം, രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് സർക്കാരിൻ്റെ ഹർജി.

സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് വസ്തുതകള്‍ പരിഗണിക്കാതെയാണെന്നാണ് സർക്കാരിൻ്റെ വാദം. രാഹുലിനെതിരെ വേറെയും പരാതികൾ ഉണ്ട്. ജാമ്യം റദ്ദാക്കിയില്ലെങ്കിൽ എംഎൽഎകൂടിയായ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഹര്‍ജി നാളെ പരിഗണിച്ചേക്കും.

