ചണ്ഡീഗഢ്: പാരിസ് ഒളിംപിക്സിന്റെ ഫൈനലിലെത്തിയിട്ടും ഭാരക്കൂടുതലിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ട് മടങ്ങേണ്ടി വന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ഗോദയിലേക്ക് തിരിച്ചെത്തുന്നു. ഒളിംപിക്സ് ഫൈനലിനു പിന്നാലെ ഗുസ്തിയില്‍ നിന്നു വിരമിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങി എംഎല്‍എ ആയ വിനേഷ് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

2028ലെ ലൊസാഞ്ചലസ് ഒളിംപിക്സില്‍ മത്സരിക്കാനാണ് താരത്തിന്റെ തീരുമാനം. ഒളിംപിക്സ് ഗുസ്തിയുടെ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്ര നേട്ടത്തോടെയായിരുന്നു താരത്തിന്റെ പാരിസിലെ മുന്നേറ്റം. എന്നാല്‍ അവസാന ഘട്ട പരിശോധനയില്‍ ഭാരക്കൂടുതല്‍ വിലങ്ങായതു നിരാശപ്പെടുത്തി. പിന്നാലെയായിരുന്നു വിരമിക്കല്‍. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിനേഷിന്റെ ഗുസ്തിയിലേക്കുള്ള തിരിച്ചു വരവ്.
അതിനു ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങി ഹരിയാന തെരഞ്ഞെടുപ്പില്‍ താരം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ജയിച്ച അപൂര്‍വം കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ വിനേഷാണ്. നിലവില്‍ ജുലാന എംഎല്‍എയാണ് വിനേഷ്.

ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്കിയ വിനേഷ് പ്രസവ ശേഷം കായിക ലോകത്തേക്ക് തിരിച്ചെത്തുന്ന അമ്മത്താരങ്ങളുടെ പട്ടികയിലും ഇനി ഇടം പിടിക്കും. തന്റെ തിരിച്ചു വരവില്‍ പ്രചോദനമായി ഇപ്പോള്‍ ടീം അംഗങ്ങളില്‍ മകനും ഭാഗമാണെന്നു വിനേഷ് പറയുന്നു.

