തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തും. സമാനതകളില്ലാത്ത നേട്ടങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. എന്നാല്‍ ഈ നേട്ടങ്ങള്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രതിഫലിച്ചില്ല എന്ന കാര്യവും സംഘടനാപരമായ കാര്യങ്ങളും പരിശോധിക്കും. ജനവിശ്വാസം നേടുന്നതിനുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തലത്തിലും സംഘടനാതലത്തിലും നടത്തുമെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫിന്റെ അടിത്തറയാകെ തകര്‍ന്നുപോയിരിക്കുന്നുവെന്ന തരത്തില്‍ പ്രചാരണം നടത്തുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴു ജില്ലാ പഞ്ചായത്തുകളില്‍ വിജയിച്ചത് പാര്‍ട്ടിയുടെ അടിത്തറ തകർന്നിട്ടില്ല എന്നതിന്റെ തെളിവാണ്. തിരിച്ചടികളെ ശരിയായ രീതിയില്‍ പരിശോധിച്ച് മുന്നോട്ടുപോയതുകൊണ്ടാണ് പാര്‍ലമെന്റില്‍ ഒരു സീറ്റ് ലഭിച്ച തെരഞ്ഞെടുപ്പിന് ശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ 68 സീറ്റ് ലഭിച്ചത്. അതുകൊണ്ട് പ്രചാരണം നടത്തുന്ന ആളുകള്‍ ഇത്തരമൊരു ചരിത്രം കൂടി ഓര്‍ക്കേണ്ടതുണ്ടെന്നും എം വി ഗോവിന്ദന് ഓര്‍മ്മിപ്പിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളുമായി രഹസ്യമായും പരസ്യമായും നീക്കുപോക്കുകള്‍ ഉണ്ടാക്കിക്കൊണ്ടാണ് യുഡിഎഫ് മത്സരിച്ചത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ കാണാനുണ്ട്.

ഉദാഹരണമായി പറവൂര്‍ നഗരസഭയില്‍ മത്സരിച്ച സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സേതുമാധവനെ ബിജെപി സ്ഥാനാര്‍ഥിയാണ് പരാജയപ്പെടുത്തിയത്. ഈ വാര്‍ഡില്‍ യുഡിഎഫിന് 20 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത്തരത്തില്‍ പരസ്പരം സഹായിച്ച നിരവധി സംഭവങ്ങള്‍ കാണാവുന്നതാണ്. മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്ന ശക്തികളുടെ വോട്ടുകളും പ്രചാരണങ്ങളും യുഡിഎഫിന് സഹായകമായി. ഇത്തരം പ്രചാരണങ്ങള്‍ ബിജെപിയെയും സഹായിച്ചിട്ടുണ്ട് എന്ന് കാണാവുന്നതാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.

ബിജെപി നേരത്തെ വിജയിച്ച മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം, പാലക്കാട് മുന്‍സിപ്പാലിറ്റികളിലാണ് ബിജെപി വിജയിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പന്തളം മുന്‍സിപ്പാലിറ്റിയില്‍ ഇപ്പോള്‍ എല്‍ഡിഎഫ് വിജയിച്ചിരിക്കുകയാണ്. പാലക്കാട് മുന്‍സിപ്പാലിറ്റിയിലാണെങ്കില്‍ ബിജെപിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. എല്‍ഡിഎഫിന് സീറ്റ് വര്‍ധിക്കുകയും ചെയ്തു. ശബരിമലയുടെ അടുത്തുള്ള കുളനട, ചെറുകോല്‍, മുത്തോലി എന്നി പഞ്ചായത്തുകള്‍ ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്.
ഒരു ജില്ലാ പഞ്ചായത്ത് സ്ഥാനം മാത്രമാണ് ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. അത് കാസര്‍കോട് ജില്ലയിലാണ്. ഇത് ജില്ലയില്‍ നേരത്തെ അവര്‍ക്ക് ലഭിച്ച സീറ്റുമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
