തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പരിശോധിക്കാൻ എൽഡിഎഫ്. മുന്നണി നേതൃയോഗം ചൊവ്വാഴ്ച ചേരും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഐഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങള്‍ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലറായി രാഷ്ട്രീയ കേരളം വിലയിരുത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് നേരിടുന്നത് കനത്ത നിരാശയാണ്. കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി ഗൗരവത്തോടെ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്.
കാല്‍നൂറ്റാണ്ട് ഇടതു കോട്ടയായി ഉറച്ചു നിന്ന കൊല്ലം കോര്പ്പറേഷന് കൈവിട്ടുപോയത് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കൊല്ലത്തെ തോൽവി പഠിക്കുമെന്നും ജനങ്ങളെ കേൾക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എസ് ജയമോഹൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് പതിവിലും കവിഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു എൽഡിഎഫ്. എന്നാൽ, ക്ഷേമപെൻഷനുകൾ കൊണ്ടുമാത്രം വിജയം നേടാമെന്ന് അമിത ആത്മവിശ്വാസത്തിനാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകിയത്.ശബരിമല സ്വർണ്ണക്കൊള്ളയും എൽഡിഎഫ് തിരിച്ചടിക്ക് പ്രധാന കാരണമായി.

