തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ശബരിമല വിഷയവും സംസ്ഥാനത്തെ ഭരണവിരുദ്ധവികാരമല്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന് പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായാണെന്നും മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ലെന്നും സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

വ്യക്തികള്‍ മാത്രം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പോരായ്മകള്‍ തിരുത്തപ്പെടുന്നില്ലെന്നാണ് സിപിഐ യോഗത്തിലെ പൊതുവിലയിരുത്തല്‍.
തദ്ദേശതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായെന്നും യോഗം വിലയിരുത്തി. സര്‍ക്കാര്‍ വിരുദ്ധവികാരം ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഇപ്പോഴും പാളിച്ചകളുണ്ട്. അത് തിരുത്താന്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം, ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രാഥമിക വിലയിരുല്‍ നടത്തി. ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും ഭരണവിരുദ്ധവികാരവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ശബരിമല വിഷയം പ്രതിഫലിച്ചെങ്കില്‍ ബിജെപി കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുമായിരുന്നെന്നും ബിജെപി ശക്തികേന്ദ്രങ്ങളില്‍ പോലും അവര്‍ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാനായാട്ടില്ലെന്നും സിപിഎം വിലയിരുത്തി.

