മലപ്പുറം: പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ പ്രസിഡന്റായി മലപ്പുറം സ്വദേശിനി അനുശ്രീ സുരേഷ്. ചാലിയാര്‍ ഗ്രാമപഞ്ചായത്തിലേക്കായിരുന്നു അനുശ്രീ മത്സരിച്ച് ജയിച്ചത്. മലപ്പുറം ജില്ലയിലെ ആദ്യ ആദിവാസി വനിതാ പ്രസിഡന്റ് എന്ന നേട്ടവും അനുശ്രീക്കാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയായിരുന്നു അനുശ്രീ മത്സരിച്ച് ജയിച്ചത്.

2020 ല്‍ ചാലിയാര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ ജനറല്‍ വിഭാഗത്തിനായിരുന്നു. അന്ന് പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള സിപിഐഎമ്മിലെ പി മനോഹരനായിരുന്നു പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായി മനോഹരന് മാറി.
2025 ല്‍ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ വനിതാ സംവരണമാക്കി. ഇതോടെയാണ് അനുശ്രീക്ക് നറുക്കുവീണത്. പി മനോഹരനായിരുന്നു അനുശ്രീയുടെ പ്രധാന എതിരാളി. മനോഹരനെ 384 വോട്ടുകള്‍ക്കാണ് അനുശ്രീ പരാജയപ്പെടുത്തിയത്. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ പട്ടികവര്‍ഗ വനിതയ്ക്ക് സംവരണ വാര്‍ഡ് നല്കിയതും ചാലിയാറിനാണ്.

പ്ലസ് ടു വരെയാണ് അനുശ്രീ പഠിച്ചിരിക്കുന്നത്. നിലമ്പൂരിലെ പുക പരിശോധനാ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് അനുശ്രീ പ്രതികരിച്ചു. വന്യജീവി ശല്യത്തിന് കൃത്യമായ പരിഹാരം കാണും. ടൂറിസം വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും അനുശ്രീ പറഞ്ഞു.

