ഇന്ന് വിജയ് ദിവസ്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ രാജ്യം നേടിയ അഭിമാനകരമായ വിജയത്തിന്റെ ഓർമ പുതുക്കലാണ് വിജയ് ദിവസ്. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് നമ്മുടെ ധീര സൈനികർ പാകിസ്താനെതിരെ വിജയം നേടിയത്. ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യത്തിന്റെ പിറവിക്ക് ആ യുദ്ധം വഴിവച്ചു.

കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങൾ പാക് സൈന്യത്തിന്റെ അതിക്രമങ്ങൾക്കെതിരെ നടത്തിയ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യ നൽകിയ പിന്തുണയാണ് ഇന്ത്യ-പാക് യുദ്ധത്തിലേക്ക് നയിച്ചത്. 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ വ്യോമതാവളങ്ങൾ പാകിസ്ഥാൻ ആക്രമിച്ചതോടെയായിരുന്നു യുദ്ധത്തിന്റെ തുടക്കം. ഇന്ത്യയുടെ സൈനിക കരുത്ത് വിളിച്ചോതിയ യുദ്ധമായിരുന്നു അത്. 1971 ഡിസംബർ 16ന് ഇന്ത്യൻ സൈന്യം ധാക്ക കീഴടക്കുന്നത് വരെ യുദ്ധം നീണ്ടു.
പാകിസ്ഥാൻ സൈനിക കമാൻഡർ, ജനറൽ ആമിർ അബ്ദുള്ള ഖാൻ നിയാസി, ഇന്ത്യയുടെ ഈസ്റ്റേൺ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിംഗ് അറോറയ്ക്ക് മുന്നിൽ ഔദ്യോഗികമായി കീഴടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്ന ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു അത്. ഏകദേശം 93,000 പാകിസ്ഥാൻ സൈനികരാണ് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്.

ഈ വിജയത്തെത്തുടർന്ന്, കിഴക്കൻ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. ധീരരായ ഇന്ത്യൻ സൈനികർ രാജ്യത്തിനായി നടത്തിയ അർപ്പണബോധത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ് വിജയ് ദിവസ്. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങൾ അന്നത്തെ അതേ ആവേശത്തോടെ ഇന്ത്യൻ സൈന്യം ഇന്നും ചെറുത്തുതോൽപിച്ചു കൊണ്ടേയിരിക്കുന്നു.

