പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും തമ്മിലെ കൂടിക്കാഴ്ച ഇന്നലെ റദ്ദാക്കി. ന്യൂഡൽഹിയിൽ വച്ച് 21 മിനിറ്റ് നേരം ഇരുവരും തമ്മിൽ കാണാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, മെസ്സി തന്റെ ‘ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി മുംബൈയിൽ ആയിരിക്കേതന്നെ കൂടിക്കാഴ്ച റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. വിഷയത്തിൽ പ്രധനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി.

തന്നെ കാണുന്നതിനു മുന്നേ രാഹുൽ ഗാന്ധിയെ കണ്ടതിനു മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നത്.
ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

മോദിക്ക് മുൻ നിശ്ചയിച്ച ഒമാൻ, ജോർദാൻ, എത്യോപ്യ യാത്രകളുള്ളതിനാലാണ് മെസ്സിയുമായുള്ള കൂടിക്കാഴ്ച ഒഴിവക്കേണ്ടിവന്നത്. ഈ രാജ്യങ്ങളിലേക്ക് പോകുന്നകാര്യം മോദി ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ, ക്രിക്കറ്റ് താരം വിരാട് കോലി, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. കൊൽക്കത്തയിൽ ആരംഭിച്ച മെസ്സിയുടെ ഇന്ത്യാ പര്യടനം സമാപിക്കുന്നതും ന്യൂഡൽഹിയിലാണ്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവയാണ് ഗോട്ട് ഇന്ത്യ ടൂർ 2025ന്റെ വേദികൾ.

