തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് ജെബി മേത്തർ എം പി. കണ്ണൂരിൽ സിപിഐഎം അക്രമം അഴിച്ചുവിടുകയാണ്. സിപിഐഎമ്മിന്റെ ഏതൊരു അക്രമത്തെയും ന്യായീകരിക്കുന്ന പിണറായി വിജയൻ തന്നെയാണ് ഇതിന്റെയും കാരണഭൂതൻ എന്ന് ജെബി മേത്തർ വ്യക്തമാക്കി.

പാനൂരിൽ യുഡിഎഫ് വനിതാ സ്ഥാനാർഥിയെയും ഭർത്താവിനെയും ആക്രമിക്കുന്ന സാഹചര്യമുണ്ടായി. പരാജയ ഭീതിയിൽ അക്രമം നടത്തുന്ന സിപിഐഎം സമീപനം അവസാനിപ്പിക്കണം.
ആക്രമണം നടത്തുന്നവർക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ സെയ്തലവി മജീദിനെതിരെ ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല. അദ്ദേഹത്തെ പുറത്താക്കണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.

വനിതാ കമ്മീഷന് ഇന്നലെത്തന്നെ പരാതി കൊടുത്തു. പിണറായിയെ താഴെ ഇറക്കുന്നത് വരെ സ്ത്രീകളുടെ രോഷ പ്രകടനം തുടരും. സർക്കാരിന്റെ പോഷക സംഘടന പോലെയാണ് വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.

