തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിൽ സിപിഎം അപകടകരമായ ചർച്ചചകൾക്ക് വഴിതുറക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം.

പാട്ടെഴുതിയ ആളുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് സിപിഐഎം ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതെന്നും ബൽറാം പറഞ്ഞു.
മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ ഇതിനെയും വർഗീയ വത്കരിക്കുകയാണ് സിപിഎം എന്നും ബൽറാം വിമർശിച്ചു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സിപിഎം നടത്തുന്ന ഇത്തരം പ്രചാരണങ്ങളിൽ കേരളം ജാഗ്രത പുലർത്തണമെന്നും ബൽറാം കൂട്ടിച്ചേർത്തു.

മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കൽ ഡിജിപിക്ക് പരാതി നല്കിയിരുന്നു. ഇതിനുപുറമെ സിപിഎം നേതാക്കളും അണികളും ഈ പാട്ടിനെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ വർഗീയ പ്രചാരണങ്ങളും നടത്തുന്നുണ്ട്.

