കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിനായുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍. നേതാക്കള്‍ പല താത്പര്യങ്ങള്‍ പ്രകടിപ്പിച്ചതോടെ മേയര്‍ ആരെന്ന് തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഒറ്റയ്ക്ക് ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിച്ചെങ്കിലും ഗ്രൂപ്പുതാത്പര്യങ്ങള്‍ക്കപ്പുറം നേതാക്കള്‍ക്ക് വ്യക്തിതാത്പര്യംകൂടി വന്നതോടെ ചര്‍ച്ച അനിശ്ചിതത്തിലായി.

മൂന്നുപേരുകളില്‍ തട്ടിയാണ് ചര്‍ച്ചകള്‍ നീളുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി.കെ. മിനിമോള്‍, ഷൈനിമാത്യു എന്നിവരുടെ പേരുകളാണ് പ്രധാനമായും ചര്‍ച്ചയിലുള്ളത്. ലത്തീന്‍ സമുദായത്തില്‍നിന്ന് മേയര്‍ സ്ഥാനത്തിനായി ആവശ്യമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം സമുദായപ്രതിനിധികള്‍ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്.
കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദീപ്തി മേരി വര്‍ഗീസിന് തന്നെയാണ് ആദ്യ പരിഗണന. എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്ന ആവശ്യം കെപിസിസിക്ക് മുന്നില്‍ ഉന്നയിക്കാനാണ് ഇവരുടെ ശ്രമം.

കെപിസിസി എഐസിസി നേതൃത്വങ്ങളില്‍ ദീപ്തിക്കുളള സ്വാധീനം മനസിലാക്കിയാണ് കൗണ്‍സിലര്‍മാരുടെ തലയെണ്ണിയുളള തീരുമാനം വേണമെന്ന ആവശ്യം ശക്തമാക്കുന്നത്. സമുദായ നേതാക്കളെ ഇറക്കിയുളള സമ്മര്‍ദത്തിനും നീക്കം നടക്കുന്നുണ്ട്. തര്‍ക്കം വന്നാല്‍ രണ്ടര വര്‍ഷം വീതം മേയര്‍ പദവി വീതിച്ചു നല്കുന്ന കാര്യവും നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും.

ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് മേയറെങ്കില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുളള ഡെപ്യൂട്ടി മേയറെ നിയോഗിക്കുന്നതിനെ കുറിച്ചാണ് മറ്റൊരു ചര്‍ച്ച. മുതിര്‍ന്ന നേതാവ് കെവിപി കൃഷ്ണകുമാറും, യുവകൗണ്‍സിലര്‍ ദീപക് ജോയിയുമാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍.
