പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’എന്ന പാരഡി ഗാനത്തിന് എതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്കാന് സിപിഎം. പാട്ടില്‍ പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പാട്ടിലൂടെ കോണ്‍ഗ്രസും മുസ്ലീംലീഗും ചേര്‍ന്ന് വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാകും പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുക.

‘മതങ്ങളെയോ, മതസ്ഥാപനങ്ങളെയോ ദൈവങ്ങളെയോ മറ്റും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടമുണ്ട്. അത് പരസ്യമായി ലംഘിച്ചുകൊണ്ടാണ് കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു പാട്ട് വോട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണ്.
പലസംഘടനകളും ഈ പാട്ടിനെതിരെ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പാട്ടുകള്‍ നാട്ടിലെ സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നതാണെന്നും ഈ പാട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എവിടെയാണ് ഉപയോഗിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കുകയാണ്’- രാജു എബ്രഹാം പറഞ്ഞു.

പാട്ടിനെതിരെ ഡിജിപിക്ക് പരാതി നല്കിയ സംഘടനയ്ക്ക് പിന്തുണ നല്‍കുമെന്നും രാജു എബ്രഹാം പറഞ്ഞു. മറ്റ് ചില ഹൈന്ദവ സംഘടനകളും പാട്ടിനെതിരെ രംഗത്തത്തെത്തിയിട്ടുണ്ട്.

