തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്ധന് എന്നിവരാണ് അറസ്റ്റിലായത്.

ശബരിമലയിലെ സ്വര്‍ണം മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്. ഈ സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന് മുഖേന വാങ്ങിയ ആളാണ് ഗോവര്ധൻ.
ഇരുവരുടെയും പങ്ക് തെളിഞ്ഞ സാഹചര്യത്തിലാണ് എസ്ഐടി അറസ്റ്റിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ തെളിവെടുപ്പിനിടെ 800 ഗ്രാമിലധികം സ്വർണം ഗോവർധന്റെ ജ്വല്ലറിയില്‍ നിന്നും എസ്ഐടി കണ്ടെത്തിയിരുന്നു.

അതിനിടെ, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു തള്ളി. വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്. ദ്വാരപാലക ശിൽപങ്ങളിലേയും കട്ടിളപ്പടികളിലേയും സ്വർണം ചെമ്പ് പാളി ആക്കിയതിൽ മൂന്നു പേർക്കും പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

