അഹമ്മദാബാദ്∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ബോളിങ് തിരഞ്ഞെടുക്കുകയായിന്നു. മൂന്നാം ട്വന്റി20 കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം അഹമ്മദാബാദിൽ ഇറങ്ങുന്നത്.

പരുക്കേറ്റ ശുഭ്മാൽ ഗില്ലിനു പകരം സഞ്ജു സാംസൺ ഓപ്പണറാകും. ജിതേഷ് ശർമ തന്നെയാണ് വിക്കറ്റ് കീപ്പർ. പരമ്പരയിൽ ആദ്യമായാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത്. ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയപ്പോൾ ഹർഷിത് റാണ പുറത്തായി. കുൽദീപ് യാദവിനു പകരം വാഷിങ്ടൻ സുന്ദറുമെത്തി. ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരു മാറ്റമുണ്ട്. ആൻറിച്ച നോർട്യയ്ക്കു പകരം ജോർജ് ലിൻഡെ ടീമിലെത്തി.
ലക്നൗവിൽ നടക്കേണ്ടിയിരുന്ന നാലാം ട്വന്റി20 മഞ്ഞുമൂലം ഉപേക്ഷിച്ചതോടെ, 2–1ന് മുന്നിൽ നിൽക്കുന്ന ടീം ഇന്ത്യ 5 മത്സര പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിച്ചിരുന്നു. എങ്കിലും 5–ാം ട്വന്റി20 ജയിച്ച്, 3–1ന് പരമ്പര സ്വന്തമാക്കാൻ തന്നെയാകും ഇന്ന് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും ശ്രമം. മറുവശത്ത് ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സമനിലയിൽ അവസാനിപ്പിക്കാനാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം.

പ്രതീക്ഷയോടെ സൂര്യകുമാർ
12, 5, 12 എന്നിങ്ങനെയാണ് ആദ്യ 3 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ സ്കോർ. ഒരു വർഷത്തിലേറെയായി രാജ്യാന്തര ട്വന്റി20യിൽ അർധ സെഞ്ചറി നേടാൻ സൂര്യയ്ക്കു സാധിച്ചിട്ടില്ല. ഈ വർഷം ട്വന്റി20യിൽ 15ൽ താഴെ ബാറ്റിങ് ശരാശരിയുള്ള സൂര്യയ്ക്ക് അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പിനു മുൻപ് ആത്മവിശ്വാസം തിരിച്ചുപിടിക്കണമെങ്കിൽ അവസാന ട്വന്റി20യിൽ എങ്കിലും ഫോം കണ്ടെത്തിയേ മതിയാകൂ.

