മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തി. ബിസിസിഐ ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഫോം ഔട്ടായ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഓപ്പണര്‍ ഇഷാന് കിഷനേയും ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിങും ലോകകപ്പ് ടീമിലുണ്ട്. ജിതേഷ് ശർമയെ തഴഞ്ഞതും ശ്രദ്ധേയമായി.
ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ അക്ഷർ പട്ടേലാണ് ലോകകപ്പ് ടീമിലെ വൈസ് ക്യാപ്റ്റൻ. ലോകകപ്പിൽ സഞ്ജു സാംസണാണ് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പർ. ന്യൂസിലൻഡിനെതിരായ ടി20 പോരാട്ടത്തിലും ഇതേ ടീമായിരിക്കും കളിക്കുക. 15 അംഗ സംഘത്തെയൊണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഗില്ലിനെ ഒഴിവാക്കിയതിനാൽ തന്നെ അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു സാംസണായിരിക്കും ലോകകപ്പിൽ ഓപ്പൺ ചെയ്യുക.

ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് പോരാട്ടങ്ങൾ. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ, യുഎസ്എ, നമീബിയ, നെതർലൻഡ്സ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ എതിരാളികൾ. ഫെബ്രുവരി ഏഴിന് യുഎസ്എയുമായുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്.

