കൊച്ചി: കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസിയെ പ്രതിഷേധമറിയിച്ച ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എംഎൽഎ. രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്ന് കുഴൽനാടൻ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് മാത്യു കുഴൽനാടൻ പിന്തുണച്ചത്. ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടുമെന്നും ദീപ്തിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഴൽനാടൻ കുറിച്ചു.

വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കുവച്ചകൊണ്ടുള്ള പ്രഖ്യാപനത്തിൽ ദീപ്തി പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് ദീപ്തി പരാതി നൽകിയിട്ടുണ്ട്.
ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതൽ മേയർ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാൽ വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടുമെന്നാണ് ഒദ്യോഗിക പ്രഖ്യാപനം വന്നത്.
ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. ഡപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെ വി പി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും.

ഇന്നലെ ചേർന്ന പാർലമെന്റെറി പാർട്ടി യോഗത്തിൽ വി കെ മിനി മോൾക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. വി കെ മിനി മോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിന് 19 പേരുടെ പിന്തുണ ലഭിച്ചു. ദീപ്തി മേരി വർഗീസിന് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ സമ്മർദമാണ് ദീപ്തിയ്ക്കു വിനയായത്. നിയമസഭ തിരഞ്ഞെടുപ്പിൽ ദീപ്തി മേരി വർഗീസിനെ പരിഗണിക്കാമെന്ന ധാരണയും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

