കൊച്ചി: കോടമഞ്ഞിൽ പുതച്ച മൂന്നാറിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാൻ സഞ്ചാരികൾ കൂട്ടമായി ഒഴുകിയെത്തുന്നു. സമീപവർഷങ്ങളിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ രേഖപ്പെടുത്തിയത്. ഇതോടെയാണ് മൂന്നാറിന്റെ ഭംഗി ആസ്വദിക്കുവാൻ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചത്.

ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളിൽ കൂടുതൽ സഞ്ചാരികൾ മൂന്നാറിലേക്കെത്തുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിനോടകം തന്നെ മൂന്നാറിലെ മിക്ക ഹോട്ടലുകളിലും ബുക്കിങ് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികൾക്കൊപ്പം വിദേശത്ത് നിന്നെത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
മൂന്നാറിലെ സെവൻമലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി. താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തിയതോടെ പുൽമേടുകളും താഴ്വാരങ്ങളും മഞ്ഞ് പുതച്ച നിലയിലാണ്.

പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കാകെ ഉണർവ് നൽകുന്നതാണ് ഈ ക്രിസ്മസ്- പുതുവത്സര കാലത്ത് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക്. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്ത് ഏറ്റവുമധികം സഞ്ചാരികൾ സന്ദർശനം നടത്തുന്നത് മൂന്നാറിലാണ്. മൂന്നാറിലേക്കുള്ള നിലവിലെ സഞ്ചാരികളുടെ ഒഴുക്ക് മറ്റിടങ്ങളിലെ ടൂറിസം മേഖലയ്ക്കും ഗുണം ചെയ്യുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

