ടൊവിനോയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ ചിത്രമാണ് നരിവേട്ട. ചിത്രം തിയറ്ററിൽ ലാഭം കൊയ്തില്ലെന്ന തരത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കണക്കുകൾ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ അനുരാജ്.

ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് താൻ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണെന്നും അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ തങ്ങൾ തയ്യാറാണെന്നും അനുരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഓരോ സിനിമയും ഓരോ പോരാട്ടമാണ്.
ആരും കൈപിടിച്ച് കയറ്റിയതല്ല, നടന്നു തേഞ്ഞ ചെരുപ്പുകളും, വിയർത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി.

അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ ചവിട്ടി മെതിക്കരുതെന്നും അനുരാജ് കുറിച്ചു. ഇന്ത്യൻ സിനിമാ കമ്പനി നിർമിച്ച നരിവേട്ട ബോക്സോഫീസിൽ 31.43 കോടി കളക്ട് ചെയ്തിരുന്നു. 10 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്.

