കൊച്ചി: ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കി സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തി ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കും. ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബാനയും പ്രാർഥനകളും നടന്നു. അർധരാത്രി തുടങ്ങിയ ചടങ്ങുകൾ പുലർച്ചെ വരെ നീണ്ടു. ഇന്നും വിവിധ ദേവാലയങ്ങളിൽ പ്രാർഥന നടക്കും. പള്ളികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനമെമ്പാടും കരോളുകളും സംഘടിപ്പിച്ചു.

ക്രിസ്മസ് ആഘോഷവേളയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ക്രിസ്മസ് ആശംസ പങ്കുവെച്ചു. ഐശ്വര്യവും സമാധാനവും നിറഞ്ഞ നാളേക്കായി ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്രിസ്മസ് – പുതുവത്സരാശംസ
സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും തിളക്കമാർന്ന സന്ദേശങ്ങളുമായി വീണ്ടുമൊരു ക്രിസ്മസ് എത്തിയിരിക്കുന്നു. പരസ്പരസ്നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച്, ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിൻ്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്.

ചൂഷണത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും എല്ലാ രൂപങ്ങളിൽ നിന്നും മുക്തമായ, സമത്വസുന്ദരമായ ഒരു ലോകക്രമമാണ് ക്രിസ്തു വിഭാവനം ചെയ്തത്.
മനുഷ്യരെ ഭിന്നിപ്പിക്കാനും, അപരവിദ്വേഷം പ്രചരിപ്പിച്ച് തമ്മിലടിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ ക്രിസ്തു മുന്നോട്ടുവച്ച പുരോഗമന ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. അവ ഉൾക്കൊണ്ട് ഐക്യത്തിന്റെയും സൗഹൃദത്തിൻ്റെയും വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം.

