പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഡി മണിയുടെ യഥാര്‍ഥ പേര് ബാലമുരുകന് എന്ന് ആണെന്ന് എസ്ഐടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എസ്ഐടിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഡി മണി പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയെന്ന വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ദിണ്ടിഗല്‍ സ്വദേശിയാണ് ഡയമണ്ട് മണി എന്ന് അറിയപ്പെടുന്ന ഡി മണി. ആദ്യകാലത്ത് ഇയാള്‍ വജ്രവ്യാപാരിയായിരുന്നു. അതുകൊണ്ടാണ് ഇയാള്‍ക്ക് ഡയമണ്ട് മണി എന്ന പേര് വന്നത് എന്നാണ് അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈയില്‍ എത്തിയ എസ്ഐടിയുടെ കണ്ടെത്തല്‍. ഇന്നലെ ഡി മണിയെ പ്രാഥമികമായാണ് എസ്ഐടി ചോദ്യം ചെയ്തത്. ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഡി മണിക്ക് കേരളത്തില്‍ വേരുകളുണ്ടോ, ശബരിമലയുമായി ബന്ധപ്പെട്ട് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തുന്ന ഇടപാട് ഡി മണിയും സംഘവും നടത്തിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്ഐടി.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ ശേഷം എസ്ഐടി മൊഴിയെടുത്ത വിദേശ വ്യവസായിയുടെ മൊഴിയില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ഡി മണിയും കേരളത്തിലെ ഒരു ഉന്നതനും ചേര്‍ന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തുകയും ഇതിന് പകരമായി ഏകദേശം 500 കോടിയോളം രൂപ രാഷ്ട്രീയമായി ബന്ധപ്പെട്ട് നില്ക്കുന്ന ഉന്നതന് ഡി മണി കൈമാറുകയും ചെയ്തതായാണ് മൊഴിയില്‍ പറയുന്നത്.

സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയായിരുന്നു ഇടനിലക്കാരന്. മൊഴിയില്‍ പറയുന്നത് പോലെ അത്തരത്തില്‍ വലിയൊരു ഇടപാട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഡി മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ എസ്ഐടി ഒരുങ്ങുന്നത്.

