കൊച്ചി: ശബരിമല സ്വര്‍ണക്കടത്തിലെ പങ്കാളിത്തം സംശയിക്കുന്ന ദിണ്ഡിഗല്‍ സ്വദേശി ഡി മണിയുടെ സാമ്പത്തിക വളര്‍ച്ചയിൽ വന്‍ ദുരൂഹത. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്ന മണി ആറ് വര്‍ഷം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോക്കാരനില്‍ നിന്ന് തുടങ്ങിയ മണി, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ്, ഗോള്‍ഡ് ലോണ്‍ തുടങ്ങിയ ബിസിനസുകളിലേക്ക് വളരുകയായിരുന്നു. ഒരുകാലത്ത് തിയേറ്ററില്‍ കാന്റീന് നടത്തി പോപ്കോണ്‍ കച്ചവടവും മണി നടത്തിയിരുന്നു. ഇയാളുടെ അതിവേഗത്തിലുള്ള വളര്‍ച്ച ഉള്‍പ്പെടെ എസ്ഐടി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുള്‍.

ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ബാലസുബ്രമണ്യന് എന്നതാണ് മണിയുടെ യഥാര്‍ത്ഥ പേര് എന്നാണ് വിവരം. നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉണ്ണികൃഷ്ണന് പോറ്റി ഇടനിലക്കാരനായി കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു ഇയാളുടെ മൊഴി.
വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം. ഡി മണിയുടെ ഡിണ്ടിഗലിലെ സ്ഥാപനത്തില്‍ ഇന്നലെ എസ് ഐ ടി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ഡി മണിയല്ല, എം എസ് മണിയാണ് എന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചതെന്നാണ് വിവരം.

ബാലമുരുകന് എന്ന സുഹൃത്തിന്റെ സിം ആണ് ഉപയോഗിക്കുന്നത്. അത് ദുരുപയോഗം ചെയ്ത് തന്നെ കുടുക്കിയതാണെന്നുമുള്ള നിലപാടാണ് മണി അന്വേഷണ സംഘത്തിന് മുന്നില്‍ സ്വീകരിച്ചത്. എന്നാല്‍, പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജാരാകാന്‍ നോട്ടീസ് നല്‍കിയാണ് എസ് ഐ ടി മടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

