തിരുവനന്തപുരം: മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്മൃതി മന്ഥാന. രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴികക്കല്ലാണ് മന്ഥാന പിന്നിട്ടത്. ശ്രീലങ്കയ്ക്ക് എതിരായ നാലാം ടി20യിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് സ്മൃതി മന്ഥാന വമ്പൻ റെക്കോർഡ് ബുക്കിലേക്ക് തന്റെ പേരും എഴുതി ചേർത്തത്.

രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് മന്ഥാന. മിതാലി രാജ് ആണ് മന്ഥാനയ്ക്ക് മുൻപ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ വനിതാ ബാറ്റർ. ശ്രീലങ്കയ്ക്ക് എതിരെ നാലാം ടി20ക്ക് ഇറങ്ങുന്നതിന് മുൻപ് 10,000 റൺസ് ക്ലബിലേക്ക് എത്താൻ 27 റൺസ് കൂടിയാണ് മന്ഥാനയ്ക്ക് വേണ്ടിയിരുന്നത്. 20 പന്തിൽ നിന്ന് 27 റൺസ് അടിച്ചെടുത്ത് ആ സ്വപ്ന നേട്ടത്തിലേക്ക് മന്ഥാന എത്തി.
മിതാലി രാജിനേയും മന്ഥാനയേയും കൂടാതെ മറ്റ് രണ്ട് വനിതാ താരങ്ങൾ മാത്രമാണ് രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികച്ചത്. ന്യൂസിലൻഡ് ക്രിക്കറ്റ് താരം സൂസി ബേറ്റ്സും ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേർഡ്സുമാണ് അത്.

വനിതാ ക്രിക്കറ്റിലെ റൺവേട്ടയിൽ ഒന്നാമതെത്തിയാണ് മിതാലി രാജ് കളിക്കളം വിട്ടത്. മൂന്ന് ഫോർമാറ്റിലുമായി 10,868 റൺസ് ആണ് മിതാലി രാജ് കണ്ടെത്തിയത്. സ്മൃതി മന്ഥാനയ്ക്ക് മിതാലി രാജിന്റെ ഈ നേട്ടം മറികടക്കാനുള്ള അവസരം മുൻപിലുണ്ട്.ഈ കലണ്ടർ വർഷം നാല് സെഞ്ചുറികൾ അടിച്ചെടുത്ത മന്ഥാനയ്ക്ക് മിതാലിയുടെ റെക്കോർഡ് മറികടക്കാൻ അധികം നാൾ വേണ്ടി വരില്ല.

