ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഈ മാസം സർവീസ് ആരംഭിക്കാനിരിക്കുന്ന ഹൗറ-ഗുവാഹത്തി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റേക്ക് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളമുൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിക്കും. നിലവിൽ വന്ദേ ഭാരതിന്റെ ചെയർ കാർ പതിപ്പാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം റെയിൽവേ വേഗത്തിലാക്കിയിട്ടുണ്ട്,”- മന്ത്രി വ്യക്തമാക്കി.
ഏകദേശം 1,500 കിലോമീറ്റർ വരെയുള്ള ദീർഘദൂര രാത്രിയാത്രകൾക്കാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ലക്ഷ്യമിടുന്നത്. വൈകുന്നേരം ട്രെയിൻ കയറുന്ന യാത്രക്കാർക്ക് അടുത്ത ദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും വിധമാണ് സമയം ക്രമീകരിക്കുന്നത്. യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അപകടങ്ങൾ ഒഴിവാക്കാനുള്ള ‘കവച്’ സംവിധാനം, സിസിടിവി ക്യാമറകൾ, ഓട്ടോമാറ്റിക് ഡോറുകൾ എന്നിവ ഇവയിലുണ്ട്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളായ ഇവയിൽ മൊത്തം 16 കോച്ചുകളുണ്ട്. ഇതിൽ 11 തേർഡ് എസി കോച്ചുകളും, 4 സെക്കൻഡ് എസി കോച്ചുകളും, ഒരു ഫസ്റ്റ് എസി കോച്ചുമാണുള്ളത്. 823 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാൻ സാധിക്കും.

ഈ വർഷം അവസാനത്തോടെ 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി റെയിൽവേയുടെ ഭാഗമാകുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായ ഹൗറ-ഗുവാഹത്തി സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഫ്ലാഗ് ഓഫ് ചെയ്യും. വരും മാസങ്ങളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ഈ സർവീസ് വ്യാപിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം.
